👇✒
*ചില അപ്രിയ സത്യങ്ങൾ പറയാം*.
ആമുഖമായി കൊല്ലപ്പെട്ട
ആ സഹോദരന്
മഗ്ഫിറത്തിനും,അദ്ദേഹത്തിന്റെ കുടുംബത്തിന് ക്ഷമയും സമാധാനവും ലഭിക്കാനും പ്രാർത്ഥിക്കുന്നു.
ഈ വരികൾ നിങ്ങൾ എങ്ങനെ സ്വീകരിക്കുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വിഷയമേയല്ല.
നാളിന്നുവരെ പുലർത്തി പോന്ന നിലപാടുകൾ ഇവിടെ ഫോളോ ചെയ്യുന്നവർക്കും,കേൾക്കുന്നവർക്കും അറിയാം.
വേദനാജനകവും,ക്രൂരവുമായ ആ കൊലക്കു ശേഷം സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷിക്കുകയായിരുന്നു.
വൃത്തികെട്ട ന്യായീകരണങ്ങളും,
അതേ നാണയത്തിലുള്ള
പ്രതിഷേധങ്ങളും.
ഈ ബഹളത്തിനിടയിൽ അവനു വേണ്ടി,ആ കുടുംബത്തിന് വേണ്ടി ആത്മാർത്ഥമായി
ദുആ ചെയ്യുകയായിരുന്നു.
ടെലിവിഷൻ ചാനലുകളിലെ ചർച്ചകൾ പുച്ഛത്തോടെ തള്ളിക്കളയുന്നു.
കാരണം അത് പരസ്പരമുള്ള അനുപാദം നോക്കലല്ലാതെ മറ്റൊന്നുമല്ല.
ഒട്ടും ആത്മാർത്ഥതയില്ലാത്ത വാചോടാപങ്ങൾ..!
എന്നെ സംബന്ധിച്ചിടത്തോളം ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ രണ്ടു വേദനകളെയുള്ളൂ.
ഒന്നു,
ആ കുടുംബത്തിന്റെ ഉള്ളു പിടയുന്ന വേദന.
നൊന്തു പെറ്റു-പോറ്റിയ
ആ സഹോദരന്റെ മാതാപിതാക്കൾ.
ജീവിതത്തിന്റെ വസന്തത്തിൽ തന്നെ പ്രിയതമൻ ഇട്ടേച്ചു പോയ സഹധർമ്മിണി..
ലോകത്തിന്റെ വെളിച്ചത്തിലേക്കുണരുമ്പോൾ 'യതീം' എന്ന വിളി കേൾക്കാനിരിക്കുന്ന,
ഇപ്പോൾ മാതൃ ഗർഭത്തിൽ പിറവി കൊള്ളുന്ന
ആ കുഞ്ഞു പൈതൽ...!!
രാഷ്ട്രീയക്കാരുടെയും
പ്രാസ്ഥാനിക പ്രവർത്തകരുടെയുമൊക്കെ രോഷവും വേദനയും വൈകാതെ അലിഞ്ഞില്ലാതെയാകും.
മൂന്നു ദിവസത്തിനുള്ളിൽ
ചാനലുകൾ മറ്റൊരു വാർത്തക്ക് പിറകെ മൈക്ക് തൂകിയോടും.
സോഷ്യൽ മീഡിയയിൽ
രണ്ടു ദിവസം കഴിയൂമ്പോൾ പുതിയ അപ്‌ഡേഷനുകൾ പെയ്തിറങ്ങും..!
പക്ഷെ,
അവനില്ലാത്ത ആ വീട്.
ഓരോ രാത്രിയിലും നെരിപോടായി വേദന അണയാതെ മിനിഞ്ഞു
കനൽ കത്തും..!!
അവന്റെ കുട്ടിക്കാലവും
കൗമാരവും,
അമ്മിഞ്ഞയൂട്ടിയ ദിനങ്ങളും
ആ മാതാപിതാക്കളുടെ ഓർമ്മയിൽ ചുരമാന്തിക്കൊണ്ടേയിരിക്കും.
അവനൊപ്പം ജീവിച്ചു കൊതിതീരാത്ത
ആ പെണ്കുട്ടിയുടെ കണ്ണുകളിൽ തുലാ മഴ തോരാതെ പെയ്യും.
ഏതു രാത്രിയിലും ഞെട്ടിയുണർന്നു അടിവയറിൽ തഴുകി അവൾ വാവിട്ടു നിലവിളിക്കും.
ജനിക്കാനിരിക്കുന്ന തന്റെ കുഞ്ഞിന്റെ അനാഥത്വം നിറഞ്ഞ ഭാവിയുടെ ഇരുട്ടിലേക്ക് നോക്കി അവൾ ഹൃദയം നുറുങ്ങുന്ന വേദനയിൽ പിടയും..!!
ഇനിയും എന്തിന്റെ പേരിലാണെങ്കിലും കൊല ചെയ്യാൻ പോകുന്നവരോട് പറയട്ടെ:
ഓരോ മരണ (കൊല)വീടിന്റയും വരാനിരിക്കുന്ന ദിനസരികളാണിത്.
ചൂട് ഉറവ പൊട്ടുന്ന ആ കണ്ണീർ ലാവയിൽ ഉരുകിപ്പോകും
ഓരോ കൊലയാളിയും...!!
ജീവന് വേണ്ടി വേട്ട മൃഗത്തെ പോലെ ഭയചകിതനായി കേഴുന്ന ഇരയുടെ ദൈന്യത ഓരോ രാത്രിയും കൊലയാളിയെ വേട്ടയാടികൊണ്ടിരിക്കും...!!
എന്നിട് നിങ്ങൾ എന്താണ് നേടുന്നത്..?
എന്താണ് അന്യരെ നിഗ്രഹിക്കുമ്പോഴുള്ള കൊലയാളിയുടെ മാനസികാവസ്ഥ..?
തണുപ്പുള്ള കത്തി ഇരയുടെ നെഞ്ചിൽ പാഞ്ഞു പുളഞ്ഞു കയറുമ്പോൾ ഉണ്ടാകുന്ന ഉന്മാദമെന്താണ്..!?
കൊല കഴിഞ്ഞു നിങ്ങൾ
വീട്ടിലേക്കു മടങ്ങുമ്പോൾ
നിന്റെ മാതാപിതാക്കൾ,
ഭാര്യ,സന്താനങ്ങൾ സുഖമായുറങ്ങുന്നു.
അന്യന്റെ രക്തം പുരണ്ട അന്നമാണ് നീയവരെ തീറ്റിക്കുന്നത്.
ഒരു നിമിഷം നിന്റെ ഉറങ്ങുന്ന കുഞ്ഞിനെ നോക്കു.
അതുപോലൊരു കുഞ്ഞു
നീ കൊന്നവന്റെ വീട്ടിലും
ഉപ്പയെ/അച്ഛനെ വിളിച്ചു കരയുന്നുണ്ടാകില്ലേ..!?
കരാഗ്രഹത്തിന്റെ ഏകാന്തതയിൽ പുറം ലോകം കാണാനാവാത്ത ജീവപര്യന്തം കിട്ടിയിട്ട് നീ എന്താണ് നേടുന്നത്..!?
ആർക്കും വേണ്ടാത്ത പാഴ്ജന്മമായി,
ശാപം കിട്ടിയ ആയുസ്സുമായി എന്താണ് നീ ജീവിച്ചു തീർക്കുക.
സമൂഹത്തിന്റെ മുന്നിൽ നിന്റെ പാവം ഉപ്പ/അച്ഛൻ 'അമ്മ/ഉമ്മ കൊലയാളിയുടെ മാതാപിതാക്കളാകുന്നതോ..!?
നിന്റെ മക്കൾ ആ കൊലയാളികളുടെ മക്കൾ എന്നു അപഹാസ്യരാകുന്നതോ..!?
എന്താണ് നിങ്ങൾ നേടുന്നത്..????
ആർക്കും വേണ്ടാത്ത ശപിയ്ക്കപ്പെട്ട ജന്മമായി
ജീവിതത്തിന്റെ വസന്തത്തെ എന്തിന് ആർക്കു വേണ്ടിയാണ് ഘാതകരെ ഹോമിക്കുന്നത്..!?
ചോദ്യങ്ങൾ കാഞ്ഞങ്ങാട്ടെ കൊലയാളികളോട് മാത്രമല്ല.
ഇനിയും രാഷ്ട്രീയത്തിന്റെ പേരിൽ മതത്തിന്റെ പേരിൽ
പ്രസ്ഥാനത്തിന്റെ പേരിൽ
പകയുടെ കത്തി രാവാൻ
കാത്തിരിക്കുന്നവരോടാണ്....!!
ഇനി വേദന രണ്ടു,
സമീപ വർഷങ്ങളിൽ
കേരളീയ മത പരിസരം ഏറെക്കുറെ ശാന്തമായിരുന്നു.
വളർന്നുവരുന്ന ചെറുപ്പക്കാരിൽ ഒരു ചെറു ന്യൂനപക്ഷമെങ്കിലും കാര്യങ്ങളെ രചനാത്മകമായി സംവദിക്കാനുള്ള ഇടം കണ്ടെത്തിയിരുന്നു.
ആ സ്വച്ഛന്തതയിലേക്കാണു പ്രക്ഷുബ്ധതയുടെ കല്ലു(കൊല)വീണത്.
കടുത്ത നിരാശയും വേദനയും തോന്നുന്നു.
സംഘടനാപരമായ അഭിപ്രായ വ്യത്യാസങ്ങൾ നിലനില്കേ തന്നെ സംവേദനക്ഷമതയുള്ള
ഒരു സംവേദന രീതി ബോധപൂർവമോ/അല്ലാതെയോ രൂപപ്പെട്ടു വരികയായിരുന്നു.
എല്ലാം തകിടം മറിച്ചു
ആ കൊലയുടെ അനുബന്ധമായി വന്ന തുടർ ചർച്ചകൾ.
ഒരു ഭാഗത്ത് ആദരണീയരായ പാണക്കാട് സയ്യിദന്മാരെ
ആക്ഷേപിക്കുകയും,
തെരുവിൽ വെല്ലുവിളിക്കുകയും
മറുഭാഗത്ത് കൊലയിൽ പ്രതിഷേധിച്ച പണ്ഡിതരെ മുൻകാല പ്രാപല്ല്യത്തോടെ അപഹസിക്കുകയും ചെയ്യുന്നു.
വൈകാരികത വിവേകത്തെ മറികടന്ന മണിക്കൂറുകളാണ് കഴിഞ്ഞു പോകുന്നത്.
കൊല ആരു ചെയ്താലും രാഷ്ട്രീയ
പാർട്ടികൾ അവർക്ക് സംരക്ഷണം കൊടുക്കരുത്.
പോലീസും നിയമ സംവിധാനവും കുറ്റക്കാരാണ് എന്നു പറഞ്ഞാൽ ഉടൻ അവരെ പാർട്ടിയിൽ നിന്നു പുറത്താക്കണം.
അവരെ തള്ളിപറയാനും തയ്യാറാകണം.
അവർക്ക് വേണ്ടി കേസ് വാദിക്കരുത്.
(അങ്ങിനെ ചെയ്യുന്നവരും ഉണ്ട് എന്നത് നമ്മുടെ നാടിന്റെ ദുരവസ്ഥ)
ഏതു ന്യായീകരണവും കൊലക്ക് സമാധാനമാകില്ല.
കൊലയാളികൾ ഒരു പാർട്ടിക്കും ദോഷമല്ലാതെ ഗുണമുണ്ടാക്കില്ല.
കത്തികൊണ്ട് രാഷ്ട്രീയ പാർട്ടികൾ വളരും എന്നത് ആരും മാനിഫെസ്റ്റോ ആകരുത്.
ദേഷ്യവും പകയും ആണ്
പലപ്പോഴും കൊലയുടെ പിന്നിലെ കാരണം.
അതു പക്ഷെ നിയമത്തിന്റെ മുന്നിൽ ന്യായമാകില്ല.
ദേഷ്യം വിവേകത്തെ മറികടക്കുന്ന ഒരു നിമിഷം മതി..!!
മുന്നിൽ കാണുന്നവൻ ശാത്രവായി മാറും.
മനുഷ്യത്വം മറന്നു പോകും..!!
ആ ഒരു നിമിഷത്തെ മറികടക്കാൻ തെരുവ് പ്രസംഗം കൊണ്ട് മാത്രമാകില്ല.
പഞ്ചായത്തു തല സ്റ്റഡി കളാസ്സുകൾ ചെറുപ്പക്കാർക്ക് കൊടുക്കണം.
എല്ലാ രഷ്ട്രീയ പാർട്ടികളിലും ആ കുറവുണ്ട്.
വായിച്ചു ചിരിച്ചു തള്ളാൻ തോന്നുണ്ടാകും.
ഇത്രയേ പറയാനുള്ളു.
അല്ലങ്കി അടുത്ത കൊലപാതക വാർത്തക്ക് കാത്തിരിക്കാം.
ഫേസ്‌ബുക്കിൽ ചത്ത ആദരാഞ്ജലികൾക്കു വാടിയ പൂവുകൾ ഒരുക്കി വെക്കാം..!!
ഇനി ഈ പോസ്റ്റിനു അടിയിലും നിങ്ങൾക്ക് കാണാം ചെളിവാരിയെറിയലുകൾ.
(ഒന്നു പറയുന്നു,
ഈയുള്ളവൻ പുലർത്തി പോരുന്ന നിലപാടുകളും
ഈ പോസ്റ്റിന്റെ മെറിറ്റും മനസ്സിലാകാതെ വന്നു
വിദ്വേഷ വർത്തമാനം പറഞ്ഞാൽ ഈ ഐഡി എന്റെ ആയതു കൊണ്ട് എന്റെ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തും)
ഇതാരും ഷെയർ ചെയ്യില്ലെന്നറിയാം.
വൈകാരികത വേണമല്ലോ നമുക്ക്.
പക്ഷെ എനിക്കു ഇതേ പറയാനുള്ളു.
എത്രയാളുകളുടെ പിന്തുണ എന്നതിനേക്കാൾ അള്ളാഹു തൃപ്തിപെടട്ടെ എന്നേയുള്ളു.
അള്ളാഹു കൊലച്ചയ്യപ്പെട്ട
ആ സഹോദരന് സ്വർഗ്ഗം നല്കട്ടെ അമീൻ
ബശീർ ഫൈസി ദേശമംഗലം
******************
कोई टिप्पणी नहीं:
एक टिप्पणी भेजें