TranslateConfigure Page List Page list HOME https://atozkerala.blogspot.com/ HINDI http://www-malapp

शनिवार, 3 जुलाई 2021

ദൈവത്തിൻ്റെ കൈകൾ

 🌟🌟🌟🌟🌟🌟🌟🌟🌟🌟


*💫ദൈവത്തിൻ്റെ കൈകൾ*


💛💛💛💛💛💛💛💛💛💛


രാവിലെ.... ബാങ്കിൽ നല്ല തിരക്കായിരുന്നു....


ഞാൻ ഒരാഴ്ചയായി ഇവിടെ ട്രാൻസ്ഫർ ആയി വന്നിട്ട് . ആദ്യത്തെ പോസ്റ്റിങ്ങ് ചെന്നൈയിലായിരുന്നു... പിന്നെ ഗുജറാത്തിൽ.... ഇപ്പോഴിതാ ദൈവത്തിന്റെ സ്വന്തം നാട്ടിൽ..


ലോൺ സെക്ഷനിലും ക്യാഷ് കൗണ്ടർ മുന്നിലും നീണ്ട ക്യൂ  ഉണ്ടായിരുന്നു.........


പന്ത്രണ്ടര കഴിഞ്ഞപ്പോൾ  കല്യാണ ആവശ്യത്തിന് ലോക്കറിൽ  വച്ച ഓർണമെൻ്റ്സ് എടുക്കാൻ  കസ്റ്റമർ വന്നിരുന്നു. 

പുറത്തേക്ക് നോക്കിയപ്പോൾ എല്ലാ സ്റ്റാഫും തിരക്കിലാണ്.


കൃഷ്ണനുണ്ണി  സ്ട്രോങ് റൂം തുറന്നു കൊടുക്കാൻ  ചാവിയുമെടുത്ത് കസ്റ്റമറുടെ കൂടെ ക്യാബിന് പുറത്തിറങ്ങി...


സ്ട്രോങ് റൂം തുറന്നുകൊടുത്ത്  തിരികെ വരുമ്പോൾ ഹെഡ് ക്ലാർക്ക് സഹദേവൻ ആരോടോ കയർത്തു സംസാരിക്കുന്നത് കേട്ടു...


അമ്മച്ചീ....  പറഞ്ഞാലും മനസ്സിലാവില്ലേ.... ഈ അക്കൗണ്ടിൽ പൈസ വന്നിട്ടില്ല.


മോനേ..... ഒന്നുകൂടി നോക്കിയാൽ.........


അമ്മച്ചിയുടെ കൊച്ചുമോൻ  കോയമ്പത്തൂരീന്ന് ....പൈസ അയച്ചിട്ടുണ്ടെങ്കിൽ അക്കൗണ്ടിൽ കാണണ്ടേ...രാവിലെ ഇറങ്ങിക്കോളും ...... മനുഷ്യനെ മെനക്കെടുത്താൻ.....


ഞാൻ... ശ്രദ്ധിക്കുന്നത് കണ്ട് അയാളുടെ അടുത്തിരുന്ന അക്കൗണ്ടൻറ് സുഷമ പറയുന്നത് കേട്ടു.


ദേ..... മാനേജർ സർ ശ്രദ്ധിക്കുന്നുണ്ട്.


കൃഷ്ണനുണ്ണി അവിടേക്ക് ചെന്നു... എന്താ?.....  സഹദേവൻ എന്താ പ്രോബ്ലം?........


അത്... അത് സാർ.... രണ്ടുമൂന്നു ദിവസമായി ഈ അമ്മച്ചി ഇവിടെ വരുന്നു.

അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ് ആവാതെ കൊടുക്കാൻ പറ്റുമോ?


അപ്പഴാ ....കൃഷ്ണനുണ്ണി അവരെ ശ്രദ്ധിച്ചത് .


70 -75 വയസ്സ് പ്രായം വരും. നന്നേ വെളുത്തു മെലിഞ്ഞ ഒരു രൂപം........

ഒട്ടിയ കവിളെല്ലുകൾ........

കണ്ണ് നിറഞ്ഞു വരുന്നത് സാരിത്തലപ്പ് കൊണ്ടുതുടയ്ക്കുന്നു ണ്ടായിരുന്നു...


കൃഷ്ണനുണ്ണി സഹദേവനെ അടുത്തുചെന്ന് സിസ്റ്റം പരിശോധിച്ചു  ഇല്ല... അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ് ആയിട്ടില്ല....


കൃഷ്ണനുണ്ണി പാസ്ബുക്ക് എടുത്ത് അവരുടെ അടുത്തേക്ക് നടന്നു.


നിങ്ങളുടെ ഫോൺ നമ്പർ ഇവിടെ കൗണ്ടറിൽ കൊടുത്തിട്ട് പൊയ്ക്കോളൂ.... പൈസ വന്നാൽ ഉടനെ അറിയിക്കാം അപ്പോൾ  വന്നാൽ മതി.


പാസ്ബുക്ക് വാങ്ങുമ്പോൾ അവരുടെ കൈകൾ ആലില പോലെ വിറയ്ക്കുന്നുണ്ടായിരുന്നു.,..


അവരുടെ കൈയിലുണ്ടായിരുന്ന കവറിൽ നിന്നും  ഒരു കഷണം കടലാസെടുത്ത് കൗണ്ടറിൽ ഏൽപ്പിച്ചു മെല്ലെ പുറത്തേക്ക് പോയി.


അവർ പോയിക്കഴിഞ്ഞപ്പോൾസഹദേവനോടായി കൃഷ്ണനുണ്ണി പറഞ്ഞു... 

ബാങ്കിൽ വരുന്ന കസ്റ്റമറോട് നല്ലരീതിയിൽ പെരുമാറി കൂടെ? ഒന്നുമില്ലെങ്കിലും അവരുടെ വയസ്സിനെ

നമ്മൾ മാനിക്കണ്ടേ....


സോറി.... സർ...


ഇറ്റ്സ്.......ഓക്കേ....


കൗണ്ടറിൽ നിന്നും പുറത്തിറങ്ങുമ്പോൾ  ആരോ പറയുന്നത് കേട്ടു...

പുതിയ മാനേജർ സാർ... ചൂടൻ ആണല്ലോന്ന്....


ക്യാബിനിൽ വന്നിരുന്നപ്പോഴാണ് ഫോൺ റിങ് ആയത്.

അമ്മയാ....


അമ്മാ.....

മോൻ തിരക്കിലാണോ?...

തിരക്കിലായിരുന്നു   ഇപ്പോൾ .. അല്ല..


അമ്മ എന്താ വിളിച്ചത്?.... ഒന്നുമില്ലെടാ...


നേരത്തിനു ഭക്ഷണം കഴിക്കണം.....

ഞാൻ അവിടെ ഇല്ലാന്ന് .. കരുതി.....


ഇല്ലമ്മേ ഇത് ഞാൻ ഇറങ്ങുവാ കൃത്യം ഒരു മണിക്ക് തന്നെ ലഞ്ച് കഴിക്കാറുണ്ട്.


അമ്മ: വയ്ക്കുവാ.... ഭക്ഷണം കഴിച്ചോ രാത്രി വിളിക്കാം...


ശരി.... അമ്മാ......


ബാങ്കിന് ഓപ്പോസിറ്റാ  റസ്റ്റോറൻറ്. ഒരാഴ്ചയായിട്ട് അവിടുന്നാ...ഉച്ചഭക്ഷണം.


ഫുഡ് ഓർഡർ കൊടുത്തു  വെയിറ്റ് ചെയ്തിരിക്കുമ്പോൾ ആണ്

നേരത്തെ ബാങ്കിൽ വന്ന വയസ്സായ ആ സ്ത്രീ ബസ്റ്റോപ്പിൽ നിൽക്കുന്നത് കണ്ടത് .


ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ട് ഇടയ്ക്കിടെ കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു....


എന്തിനായിരിക്കും അവർ  കരയുന്നത്..

വേണ്ടപ്പെട്ടവർ ആരെങ്കിലും ഹോസ്പിറ്റലിൽ ആയിരിക്കുമോ....


ഫുഡ് ഓർഡർ കൊടുത്തത് പോലും ഓർക്കാതെ കൃഷ്ണനുണ്ണി റസ്റ്റോറന്റിൽ നിന്നും പുറത്തിറങ്ങി....


തൻ്റെ മുത്തശ്ശി ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇതേ പ്രായമായിരിക്കും....


എന്താ?..... എന്തുപറ്റി?........


ഒന്നുമില്ലെന്ന് തലയാട്ടി...


അപ്പോഴേക്കും മഴ ചാറുന്നുണ്ടായിരുന്നു.


അവരുടെ കയ്യിലുള്ള ഒടിഞ്ഞ കുട നിവർത്താൻ ശ്രമിച്ച് പരാജയപ്പെടുന്നത് കണ്ട്  കൃഷ്ണനുണ്ണി കാറിൽ നിന്നും കുട എടുത്തു കൊണ്ടുവന്നു.കുട  തുറന്ന് അവർക്കരികിലേക്ക് നിന്നുകൊണ്ട് പറഞ്ഞു എന്തായാലും പറയൂ.....


നമുക്ക് പരിഹാരമുണ്ടാക്കാം....


ബാങ്കിൽനിന്ന്  പൈസ കിട്ടാഞ്ഞിട്ടാണോ?....


അവർ ഒന്നും മിണ്ടാതെ  സാരിത്തലപ്പുകൊണ്ട് കൈതുടച്ചു  അവരുടെ കയ്യിലുള്ള കവറിൽ നിന്നും ഇന്നും ഒരു മരുന്ന് ചീട്ട്  എടുത്തു....


ഇതിലുള്ള മരുന്ന് വാങ്ങണോ.....


അവർ ......മെല്ലെ തലയാട്ടി....,...


കൃഷ്ണനുണ്ണി അവരുടെ കയ്യിൽ നിന്നും മരുന്ന് ചീട്ട്  വാങ്ങി അടുത്തുള്ള മെഡിക്കൽ ഷോപ്പിലേക്ക് നടന്നു.


സാർ...ഇത് ആസ്തമയ്ക്ക് ഉള്ള മരുന്നാ...

എത്ര ദിവസത്തേക്ക് എടുക്കണം


അതിൽ എത്ര ദിവസത്തേക്കാണ് എഴുതിയത് അത്രയും എടുത്തോളൂ..,


ഇതിൽ ഇൻഹേലർ എഴുതിയിട്ടുണ്ട് അത് എടുക്കണോ സാർ......


ങ്ഹാ..... എടുത്തോളൂ....


മരുന്ന് അവരുടെ കൈകളിലേക്ക് കൊടുക്കുമ്പോൾ  അവർ നന്ദിസൂചകമായി എന്നെ നോക്കി.


വീട് എവിടെയാ?.....


ഇവിടെ അടുത്ത് തന്നെയാ....


ഇപ്പൊ ബസ്സ്  ഉണ്ടോ?....


അരമണിക്കൂർ കഴിഞ്ഞാൽ ഉണ്ട് സാറേ.....


അപ്പോഴേക്കും അവരുടെ കയ്യിലുള്ള കവറിൽ നിന്നും ഫോൺ റിങ് കേട്ടു


ഒരു തീപ്പെട്ടിക്കൂട് പോലുള്ള ഒന്ന്  അതിന്റെ  കീപാഡിലുളള അക്ഷരങ്ങളെല്ലാം തന്നെ മാഞ്ഞു പോയിരുന്നു .


പ്രായാധിക്യം കൊണ്ടായിരിക്കും ഫോൺ സ്പീക്കറിലിട്ടാ അവർ സംസാരിച്ചത്.


ഹലോ.....


അമ്മമ്മ എവിടാ?......


അച്ഛഛന് .. തീരെ വയ്യ......


മരുന്നു വാങ്ങിച്ചോ..... അമ്മമ്മ ഒന്ന് വേഗം വാ....... എനിക്ക് പേടിയാകുന്നു


അത് കേട്ടതും കൃഷ്ണനുണ്ണി തൻ്റെ കാർ എടുക്കാൻ  ഓടി...


ബസ് വരാൻ കാത്തിരിക്കേണ്ട ഞാൻ വീട്ടിലാക്കാം.....വാ.......


ഒന്ന് സംശയിച്ചു നിന്നശേഷം  കൃഷ്ണ നുണ്ണീടെ കാറിലേക്ക് കയറി.


യാത്രയിൽ അവർ ഒന്നും സംസാരിച്ചില്ല

ഇടയ്ക്കിടെ തന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു.....


കൃഷ്ണനുണ്ണി അവരെ നോക്കി...


ഞാൻ കൊടുത്ത മരുന്ന് കവർ നെഞ്ചോടടുക്കി പിടിച്ചിരിക്കുകയാണ്

പാവം.....

ചെറുപ്പത്തിൽ എപ്പോഴോ കണ്ട പഴയ സിനിമയിലെ കഥാപാത്രം പോലെ തോന്നി കൃഷ്ണനുണ്ണിക്ക് അവരെ കണ്ടപ്പോൾ.....


അവര് പറഞ്ഞ സ്ഥലത്ത് കാർ നിർത്തി.


ഇതിനപ്പുറത്തേക്ക്  പോവില്ല ഇടുങ്ങിയ വഴിയാ......


കാറിൽ നിന്നിറങ്ങുമ്പോൾ നല്ല മഴയുണ്ടായിരുന്നു.....


ഡോർ തുറന്ന് കൂടെ നിവർത്തി അവർക്ക് ഇറങ്ങാൻ ഡോർ തുറന്നു കൊടുത്തു.


ഈ മഴയത്ത് എങ്ങനെയാ ഞാൻ വീട്ടിൽ കൊണ്ട് വിടാം......


സാർ.... സാറിന്  ബുദ്ധിമുട്ടാവില്ലേ....


എന്നെ സാർ എന്നൊന്നും വിളിക്കേണ്ട എൻ്റെ മുത്തശ്ശിയുടെ പ്രായുണ്ട് നിങ്ങൾക്ക്..... 

എന്നെ കൃഷ്ണനുണ്ണീന്ന് 

വിളിച്ചാൽ മതി.


അവരെയും ചേർത്ത് പിടിച്ച് ഇടുങ്ങിയ വഴിയിലൂടെ കൃഷ്ണനുണ്ണി  നടന്നു.


വീടിന്റെ മുറ്റത്ത് എത്തിയപ്പോഴേക്കും

അകത്തു നിന്നും ഒരു കുട്ടി.... അച്ഛച്ഛാ....ന്ന് വിളിച്ച് കരയുന്നുണ്ടായിരുന്നു......


ഞങ്ങൾ അകത്തേക്കോടി........


അപ്പോൾ കണ്ട കാഴ്ച ദയനീയമായിരുന്നു.


ഈ ലോകത്തിലുള്ള ഉള്ള മുഴുവൻ വായുവും മതിയാകാത്ത പോലെ വയസ്സായ വൃദ്ധൻ ശ്വാസം നീട്ടി വലിക്കുന്നുണ്ടായിരുന്നു......


അതിനടുത്ത്  വീൽചെയറിൽ  13 -14 വയസ്സ് പ്രായം വരും ഒരു പെൺകുട്ടി...... വീൽചെയറിൽ ഇരുന്നു കരയുന്നുണ്ടായിരുന്നു.........


എന്താ.... എന്ത് പറ്റി ഞാൻ അടുത്തേക്ക് ചെന്നു.


അപ്പോൾ കവറിൽ നിന്നും മരുന്ന് എടുത്തു കൊണ്ട് ആ മുത്തശ്ശി പറഞ്ഞു


ആസ്മയാ..... മോനേ...... രണ്ടു ദിവസായി മരുന്ന് തീർന്നിട്ട് .......


അവർ അടുക്കളയിൽ ചെന്ന്  വെള്ളം എടുത്തുകൊണ്ടുവന്ന് മരുന്നുകൊടുത്തു.

മഴയും തണുപ്പു മല്ലേ.....


മരുന്നു കൊടുത്തിട്ടും 

വലിയ മാറ്റമൊന്നുമില്ല.


കൃഷ്ണനുണ്ണി ആ കവറിൽ നിന്നും ഇൻഹെയ്‌ലർ എടുത്ത് അവരുടെ കയ്യിൽ കൊടുത്തു ......ഇത് ഉപയോഗിച്ചു നോക്കൂ......

അത്   സ്പ്രേ ചെയ്ത്ഒരു 10 മിനിറ്റ് കഴിയുമ്പോഴേക്കും നല്ല മാറ്റം വന്നു.


കൃഷ്ണനുണ്ണി ചുറ്റും കണ്ണോടിച്ചു ചുമരിൽ നിറയെ ചിത്രങ്ങൾ വരച്ചു വെച്ചിരിക്കുന്നു .,..... എല്ലാം നന്നായിട്ടുണ്ട്.


ഇതൊക്കെ ആരു വരച്ചതാ.....


അപ്പോൾ വീൽചെയറിലിരുന്ന കുട്ടി പറഞ്ഞു ഞാൻ വരച്ചതാണ്.


ഈ കുട്ടിക്ക് എന്തു പറ്റിയതാ... ഇതാരാ


എൻറെ കൊച്ചു മോളാ.... അമ്മു....

ജനിച്ചപ്പഴേ... ഇങ്ങനെ യാ.....


ചികിത്സ.... ഒന്നും......


ചികിത്സ യൊക്കെ ഒരു പാട് നടത്തിയതാ......


ഇവളുടെ അച്ഛനും അമ്മയും

ഇവൾടെ ചികിത്സ ക്കായി സഹകരണ ബാങ്കീന്നുമായിട്ടും അല്ലാതെയും കടം വാങ്ങിച്ചിരുന്നു.... ഒന്നും പറഞ്ഞ സമയത്ത് തിരിച്ചു കൊടുക്കാൻ ആവാതെ വന്നപ്പോൾ .......

അവര് ഒരു കഷണം കയറിൽ...... ജീവിതം അവസാനിപ്പിച്ചു........

ഇവൾടെ മൂത്തത്

ഒരണാ....അവൻ.....അവനങ്ങ് കോയമ്പത്തൂര്  ബനിയൻ കമ്പനിയിലാ...

പണി ...

കൃഷ്ണനുണ്ണി ഓർത്തു ...... ഈ കാലത്ത് ഇങ്ങനെകഷ്ടതയനുഭവിക്കുന്നവരുണ്ടോ.....


ആകെ ഒറ്റമുറി......


അവിടുത്തെ അവസ്ഥ കണ്ട് കൃഷ്ണനുണ്ണി ആകെ ഷോക്കായി..


ഇവിടുത്തെ നാട്ടുകാരും ക്ലബ്ബ് കാരും ആരും സഹായിച്ചില്ലേ......


നാട്ടുകാരും പാർട്ടിക്കാരും ചേർന്നു പിരിവെടുത്താ... ബാങ്ക് ലോണിന്റെ പലിശയും കൂട്ട് പലിശയും അടച്ചത്.

ക്ലബ്ബ് കാർ ചേർന്നാ ഇവൾക്ക് ഈ വീൽചെയർ  വാങ്ങി  കൊടുത്തത്....


അമ്മമ്മേ.....ഇതാരാ.,....


അമ്മമ്മ പോയ ബാങ്കിലെ മാനേജർ സാറാ ......


ഈ സാറാ..... മരുന്നു വാങ്ങിച്ചു തന്നത്.


ആ പെൺകുട്ടി എന്നെ നോക്കി ചിരിച്ചു.


അവരോട് യാത്രപറഞ്ഞ് മുറ്റത്തേക്ക് ഇറങ്ങുമ്പോൾ  ആ കുട്ടി പറയുന്നത് കേട്ടു ...അമ്മമ്മേ വിശന്നിട്ടു വയ്യ,.... രാവിലെ ഒരു ഗ്ലാസ് കട്ടൻ കുടിച്ച തല്ലേ....ഉള്ളൂ.....ഒന്നും വാങ്ങിച്ചിട്ടില്ലേ.......


ഞാൻ പറഞ്ഞില്ലേ ബാങ്കീന്ന് പൈസ കിട്ടിയിട്ടില്ലാന്ന്......


കൃഷ്ണനുണ്ണി സ്പീഡിൽ നടന്നു....


കാർ സ്റ്റാർട്ട് ചെയ്തു അടുത്തുള്ള സൂപ്പർമാർക്കറ്റിൽ ചെന്നു ഒരുമാസത്തേക്ക് വേണ്ട വീട്ടു സാധനങ്ങളൊക്കെ എടുത്തു തരാൻ അവിടുത്തെ സ്റ്റാഫിനോട് പറഞ്ഞു......

കാർഡ് സിപ്പ് ചെയ്യുന്ന സമയത്ത് എമൗണ്ട് നോക്കി ഞങ്ങൾ ബർത്ത്ഡേ യ്ക്കും മറ്റും ഫ്രണ്ട്സിന് ട്രീറ്റ് കൊടുക്കുന്നതിന്റെ പകുതി പോലും ആയിട്ടില്ല....


അതിനുശേഷം ഹോട്ടലിൽ ചെന്ന് മൂന്ന് ഊണ് പാർസൽ വാങ്ങിച്ചു.


കൃഷ്ണനുണ്ണി അവിടേക്ക് ചെല്ലുമ്പോൾ 

ആ മുത്തശ്ശി  രണ്ടു പേരോടും എന്നെക്കുറിച്ച് പറയുന്നുണ്ടായിരുന്നു.


എന്നെ കണ്ടതും അവരുടെ മുഖത്ത് ആശ്ചര്യമായി......


ഓ....കുടയെടുക്കാൻ  മറന്നു....ല്ലേ.....


അപ്പഴാ എന്റെ പുറകെ വന്ന സൂപ്പർമാർക്കറ്റിലെ ഡെലിവറി ബോയ് യെ കണ്ടത്.....


ഇതെന്താ മോനേ...... ഇതാ ഇത് 3 പേർക്കുള്ള ഭക്ഷണമാ....... ചൂടാറും മുൻപ് കഴിച്ചോളൂ...,.... 

കയ്യിലുണ്ടായിരുന്ന കവർ അവരെ ഏൽപ്പിച്ചു.....


പിന്നെ.... ഇത് കുറച്ച് സാധനങ്ങളാ......,.

ഇറങ്ങാൻ നേരംകൃഷ്ണനുണ്ണി തൻ്റെ വിസിറ്റിംഗ് കാർഡ്  കൊടുത്തിട്ട് ആ പെൺകുട്ടിയോട് പറഞ്ഞു.,..


ചേട്ടൻ കോയമ്പത്തൂരിന് വിളിക്കുമ്പോൾ ഈ നമ്പറിൽ എന്നെ വിളിക്കാൻ പറയണം.... മറക്കാതെ പറയണം ട്ടോ...... മറക്കില്ലല്ലോ......


ഇല്ലെന്ന് തലയാട്ടി....


എന്നാൽ ഞാൻ ഇറങ്ങുവാ..,.


പുറത്തിറങ്ങുമ്പോഴേക്കും കുടയും കൊണ്ട് എൻെറ  പിന്നാലെ വന്നു.


മോനേ.,.. കുട എടുത്തില്ലല്ലോ.....


അത് അവിടെ നിന്നോട്ടെ ഇപ്പൊ മഴ ഇല്ലല്ലോ..,.....


മുറ്റത്തേക്കിറങ്ങിയ ഞാൻ  തിരിച്ചു ചെന്നു പേഴ്സിൽ നിന്നും കുറച്ചു രൂപ എടുത്തു നീട്ടി ഇതു വെച്ചോളൂ........


വേണ്ട മോനെ....... ഇപ്പത്തന്നെ......


ഞാൻ അവരുടെ കൈപിടിച്ച് കയ്യിൽ വെച്ച് കൊടുത്തു.


ഇരിക്കട്ടെ ആവശ്യം വന്നാലോ.......


അപ്പോഴേക്കും ബാങ്കീന്ന് കോൾ വന്നു.


രണ്ടുപേർ വെയിറ്റ് ചെയ്യുന്നുണ്ട്...

കൃഷ്ണനുണ്ണി ധൃതിയിൽ നടന്നു.


കൃഷ്ണനുണ്ണി വാച്ചിലേക്ക് നോക്കി  കുറെ നേരായി.... ഞാനിനിയും ലഞ്ച് കഴിച്ചില്ലല്ലോ......


പക്ഷേ ഒരു സദ്യ കഴിച്ചത് പോലെ തോന്നി കൃഷ്ണനുണ്ണിക്ക്  വയറും നിറഞ്ഞു മനസ്സും നിറഞ്ഞു....


ബാങ്കിൽ എത്തിയിട്ടും കൃഷ്ണനുണ്ണി യുടെ മനസ്സുനിറയെ അവരെക്കുറിച്ചുള്ള ചിന്തകളായിരുന്നു.


ബാങ്കിൽ നിന്ന് വീട്ടിലെത്തിയ പാടെ കൃഷ്ണനുണ്ണി  അമ്മയെ വിളിച്ചു...


അച്ഛനും അമ്മയും ചേട്ടൻറെ കൂടെ ദുബായിലാണ്... മൂന്നുമാസത്തെ വിസിറ്റിങ്ങിനു പോയതാ.....നാട് കാണാൻ...


അമ്മയോട് കാര്യങ്ങളൊക്കെ പറഞ്ഞപ്പോ അമ്മ പറഞ്ഞു നന്നായി മോനെ.....


മോന്റെ  ഫ്രണ്ട്സുരോടും കൂടി പറഞ്ഞു

എന്തൊക്കെ ചെയ്യാൻ പറ്റുമോ .... അതൊക്കെ ആ  കുടുംബത്തിനുവേണ്ടി ചെയ്യണം മോനേ......


അപ്പോഴാ..... കൃഷ്ണനുണ്ണിക്ക് തൻ്റെ ഫ്രണ്ട്സ് മാരെ കുറിച്ച് ഓർമ്മ വന്നത്...


ഞങ്ങൾ എംബിഎ ക്ലാസ്മേറ്റ്സ് എല്ലാംകൂടി ചേർന്ന് ഒരു കൂട്ടായ്മ ഉണ്ടാക്കിയിരുന്നു." സാന്ത്വനം" എല്ലാ വർഷവും എല്ലാവരും കൂടി ചേർന്ന്  നല്ലൊരു തുക എടുത്തു അനാഥാലയങ്ങളിലോ..... വൃദ്ധസദനങ്ങളിലോ...... കൊടുക്കാറുണ്ട് .


ഈ വർഷത്തെ തുക  ആ കുടുംബത്തിന് ആയിക്കോട്ടെ.

കൃഷ്ണനുണ്ണി    ഫ്രണ്ട്സുമായി  സംസാരിച്ചു തീരുമാനത്തിലെത്തി.


അപ്പോഴേക്കും ശാലിനി _കൃഷ്ണ നുണ്ണിയുമായ് കല്യാണം ഉറപ്പിച്ച പെൺകുട്ടി_  യുടെ കോൾ വന്നു..അവളോട് കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ അവൾക്കും അവരെ കാണണമെന്നായി.

പിറ്റേന്ന് ഞായറാഴ്ച ആയതിനാൽ

രാവിലെ  തന്നെ പോകാമെന്ന് പറഞ്ഞു.


ബെസ്റ്റ്ഫ്രണ്ട് ആയ ദീപുവിനെയും ശാലുവിനെയും കൂടെ കൂട്ടി...

ടെക്സ്റ്റൈൽ ഷോപ്പിന് മുന്നിലെത്തിയപ്പോൾ  കാർ നിർത്തി കൃഷ്ണനുണ്ണി ശാലു വിനോടായി  പറഞ്ഞു ..

ശാലൂ...... അവരുടെ കൊച്ചുമോൾ.... അമ്മു.... അവൾക്ക് രണ്ടു മൂന്ന് ഉടുപ്പ് വാങ്ങിക്കണം. ഞാൻ എടുത്താൽ ശരിയാകില്ല നീ വാങ്ങിക്കോ.....

മുത്തശ്ശന്  ഒരുജോഡി സെറ്ററും കുറച്ച് ഡ്രസ്സും, മുത്തശ്ശിക്ക് 3 ജോഡി ഡ്രസ്സും വാങ്ങിച്ചു.......

ഞങ്ങൾ മൂന്നു പേരും അവിടെ ചെല്ലുമ്പോൾ മുറ്റത്ത് തന്നെയുണ്ടായിരുന്നു ആ മുത്തശ്ശി....


എന്നെ കണ്ടയുടനെ

ഞങ്ങളുടെ അടുത്തേക്ക് വന്നു


കേറി വാ മോനെ......


ഞാൻ അവരെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു.


ഇത്.,.. ശാലു.... ശാലിനി... ഞാൻ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയാ.... ഇത് എൻെറ കൂട്ടുകാരൻ ദീപു

അവർ മൂന്നുപേരും ആ വീട്ടിനുള്ളിലേക്ക് കടന്നു.


അവരെ കണ്ടതും ആ മുത്തശ്ശൻ എഴുന്നേൽക്കാൻ ശ്രമിച്ചു... വേണ്ട...

എഴുന്നേൽക്കണ്ട.....  അവിടെ കിടന്നോളൂ....


അപ്പോൾ അവിടെ വീൽചെയറിലിരുന്ന്_ അമ്മു പടം വരയ്ക്കുന്നുണ്ടായിരുന്നു.


നോക്കട്ടെ എന്താ .... വരയ്ക്കുന്നത് .....


ശാലു   അവളുടെ കയ്യിൽ നിന്നും കടലാസ് വാങ്ങി നോക്കി..


ഉണ്ണി .....ഇത് നോക്കിയേ.... നിന്റെ  പടമാ.... 


കൃഷ്ണനുണ്ണി വാങ്ങി നോക്കി...

അതെ .....ശരിക്കും എന്നെ പോലുണ്ട്.....


നോക്കട്ടെ..... ദീപുവും വാങ്ങി നോക്കി മോള് നനായി വരക്കുന്നുണ്ടല്ലോ.


ദീപു.... മുറിയിലാകെ നോക്കി....

എല്ലാ ചിത്രങ്ങളും നന്നായിട്ടുണ്ട്..

കൃഷ്ണനുണ്ണി കൈയിലുണ്ടായിരുന്ന

പേപ്പറുകളും കളർ പെൻസിലുകളും

അമ്മുവിന്റെ കൈകളിലേക്ക് വെച്ചു കൊടുത്തിട്ട് പറഞ്ഞു.....


ഈ ദീപു ചേട്ടൻ ഡ്രോയിങ് എക്സിബിഷൻ ഒക്കെ നടത്തുന്ന ചേട്ടനാ.....


മോള് വരയ്ക്കുന്ന പടങ്ങൾ കൊണ്ട് പോയി വിറ്റ് കിട്ടുന്ന പൈസ ഇവിടെ എത്തി ക്കും.....


അത് കേട്ട് സന്തോഷം കൊണ്ട് അമ്മുവിന്റെ കണ്ണുകളിൽ ഒരായിരം നക്ഷത്രങ്ങൾ മിന്നിമറിയുന്നത് കൃഷ്ണനുണ്ണി കണ്ടു.


ങ്ഹാ.....പിന്നെ ഞങ്ങൾ കൂട്ടുകാർ ചേർന്ന് ഒരു തീരുമാനം എടുത്തു....

ഈ വർഷം നിങ്ങളുടെ വീട് പുതുക്കി പണിയാമെന്ന്......


അത് പറഞ്ഞതും... ആ മുത്തശ്ശി കൈ.. കൂപ്പി മൂന്നു പേരെയുംനോക്കി

തൊഴുത് കൊണ്ട് പറഞ്ഞു ........


ഇത്രേം  കാലം ഞങ്ങള് കരുതിയത് ഈശ്വരനെന്നൊരു ശക്തി ഇല്ലെന്നാ.......

പക്ഷേ ഇന്നെനിക്ക് ബോധ്യായി...ഈശ്വരന്മാരുണ്ട്..

അവരുടെ മറ്റൊരു രൂപമാ മക്കളെ നിങ്ങള്.....

അതും പറഞ്ഞ് കരയാൻ തുടങ്ങി....


അതു കണ്ട്...ശാലു പറഞ്ഞു...

എത്ര നേരായി വന്നിട്ട്.......

മുത്തശ്ശീ.......ഒരു ഗ്ലാസ് ചായ പോലും തന്നില്ല........


ശ്ശോ.... ഞാനത് മറന്നു.....ഇപ്പകൊണ്ട്വരാം


  മുത്തശ്ശി എല്ലാർക്കും ചായ കൊടുത്തു...


ചായ കുടിക്കുമ്പോൾ   പറഞ്ഞറിയിക്കാനാകാത്ത  സന്തോഷമായി  കൃഷ്ണനുണ്ണിയ്ക്ക്......


⛺⛱️⛺⛱️⛺⛱️⛺⛱️⛺⛱️

कोई टिप्पणी नहीं: